വിതപ്പാട്ടിന്റെ താളത്തില്‍ വിത്തെറിഞ്ഞ് ബാനം ഗവ.ഹൈസ്കൂള്‍ കുട്ടികള്‍
കാസര്‍കോട് : കിളച്ചുമറിച്ച മണ്ണില്‍ വിതപ്പാട്ടിന്റെ താളത്തില്‍ വിത്തെറിഞ്ഞ് ബാനം ഗവ.ഹൈസ്കൂള്‍ കുട്ടികള്‍. കാര്‍ഷിക സംസ്കൃതിയുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിലാണ് കരനെല്‍കൃഷിക്കായി വിത്തിട്ടത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഒരുക്കിയ സ്വകാര്യ വ്യക്തിയുടെ മുപ്പത് സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ജൈവ നെല്ലാണ് നടാനായി ഉപയോഗിച്ചത്.
ജനപ്രതിനിധികള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങള്‍, കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെല്ലാം പങ്കാളികളായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്, പി.ടി.എ പ്രസിഡന്റ് കെ.എന്‍.അജയന്, മദര്‍ പി.ടി.എ പ്രസിഡന്റ് രജിത ഭൂപേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.മനോജ് കുമാര്‍, എസ്.എം.സി വൈസ് ചെയര്മാന് പാച്ചേനി കൃഷ്ണന്, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ.ബാലചന്ദ്രന്, അനൂപ് പെരിയല്‍, കെ.എന്‍ ഭാസ്കരന്, കെ.സി.ഗോവിന്ദന്, ടി.വി.കുഞ്ഞിരാമന് എന്നിവര്‍ നേതൃത്വം നല്കി.