കട്ടിലിനടിയില്‍ ലക്ഷങ്ങള്‍,ഡോക്ടറുടെ കൊച്ചിയിലെ വീട്ടില്‍ ഡോളറും;ശസ്ത്രക്രിയ വൈകിപ്പിച്ച് പണംവാങ്ങും
തൃശ്ശൂര്‍: കൈക്കൂലിക്കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ പിടിയിലായ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നും വിജിലന്‍സ് വിവരങ്ങള്‍ കൈമാറും. ഡോക്ടറില്‍നിന്ന് ലക്ഷങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഇ.ഡി.യ്ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത്. ഡോക്ടറുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കും.
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എല്ലുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷെറി ഐസക്കിനെ കഴിഞ്ഞദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്. വാഹനാപകടത്തില്‍ കൈകളുടെ എല്ലുപൊട്ടിയ പാലക്കാട് കിഴക്കഞ്ചേരി സ്വദേശിയായ യുവതിക്ക് ശസ്ത്രക്രിയ നടത്താനായി മൂവായിരം രൂപയാണ് ഡോക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നല്കാത്തതിനാല് ഡോക്ടര്‍ യുവതിയുടെ ശസ്ത്രക്രിയ വൈകിപ്പിക്കുകയും ചെയ്തു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ പഞ്ചായത്ത് അംഗം മുഖേന വിവരം വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാര്‍ക്ക് കൈമാറുകയും ഡോക്ടര്‍ ഈ പണം വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയുമായിരുന്നു.