ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യയോഗത്തിലേക്ക് മുസ്ലിം ലീഗിനും ക്ഷണം
ബെംഗളൂരു: ബെംഗളൂരുവിൽ ഈ മാസം 18ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് മുസ്ലിം ലീഗിനും ക്ഷണം. എം.ഡി.എം.കെ, ആർ.എസ്.പി, കേരള കോൺഗ്രസ് മാണി വിഭാഗം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം അടക്കം 24 പാർട്ടി നേതാക്കൾക്ക് ക്ഷണമുണ്ട്. യോഗത്തിനു മുന്നോടിയായി പതിനേഴാം തീയതി രാത്രി നേതാക്കൾക്ക് സോണിയഗാന്ധി വിരുന്നൊരുക്കും.
കഴിഞ്ഞ ജൂൺ 23 ന് പ്രതിപക്ഷ കക്ഷികളെ ഐക്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം പട്നയിൽ നടന്നിരുന്നു. അന്ന് ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടികളടക്കം 13 പാർട്ടികൾ പങ്കെടുത്തു. എന്നാൽ ഈ യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധിയെ പങ്കെടുപ്പികാതിരുന്നതിൽ മുസ്ലിം ലീഗ് നീരസം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോൾ ദക്ഷിണേന്ത്യയിലെ ചെറുതും വലുതുമായ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബംഗളൂരുവിൽ പ്രതിപക്ഷ ഐക്യയോഗം നടക്കുന്നത്. പ്രധാന നേതാക്കളായ രാഹുൽ ഗാന്ധി, ശരത് പവാർ, മമത ബാനർജി, എം.കെ സ്റ്റാലിൻ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. 2024ൽ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.