പണം മുന്‍കൂര്‍ നല്‍കാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവര്‍; രോഗി മരിച്ചു
എറണാകുളം: പറവൂരില്‍ രോഗിയെ കയറ്റിയ ആംബുലന്‍സ് എടുക്കാന്‍ വൈകിയതിനാല്‍ രോഗി മരിച്ചതായി പരാതി. പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോകാന്‍ പണം മുന്‍കൂര്‍ വേണമെന്ന് ഡ്രൈവര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് രോഗിയെ കൊണ്ടുപോകാന്‍ വൈകിയതെന്ന് പരാതിയില്‍ പറയുന്നു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥിതി വളരെ ഗുരുതരമായതിനാല്‍ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫര്‍ ചെയ്തു. പിന്നീട് ആശുപത്രി അധികൃതര്‍ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. എന്നാല്‍ രോഗിയെ ആംബുലന്‍സിലേക്ക് കയറ്റിയ ശേഷം ഡ്രൈവര്‍ ആന്റണി ബന്ധുക്കളോട പണം മുന്‍കൂര്‍ ആവശ്യപ്പെടുകയായിരുന്നു. 900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലത്തതിനാല് എറണാകുളത്തെത്തിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പണം മുന്‍കൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ വാശി പിടിച്ചു. പണമില്ലെങ്കില്‍ വേറെ ആംബുലന്‍സില്‍ കൊണ്ടുപോകുവെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചു.