സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത പരിശീലനം നല്കി
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സാക്ഷരതാ മിഷന്റെയും കൈറ്റിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിച്ചിരിക്കുന്ന ഉയരങ്ങള്‍ കീഴടക്കാം കാസര്‍കോട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കൈറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്കി. 70 വിദ്യാര്‍ഥികള്‍ക്കാണ് ആര്.പി പരിശീലനം നല്‍കിയത്. ഇവര്‍ അഞ്ചു പേരടങ്ങുന്ന ഓരോ ബാച്ചായി തിരിഞ്ഞ്, ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഡിജിറ്റല്‍ സാക്ഷരത ക്ലാസെടുക്കുന്ന ഡിജി ബ്രിഗേഡുമാരായ സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. യൂണിവേഴ്സിറ്റി സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫസര്‍ വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കൈറ്റ് സംസ്ഥാന ആര്.പിമാരായ കെ.വി.മനോജ് കുമാര്‍, എന്‍.കെ.ബാബു എന്നിവര്‍ ക്ലാസ്സെടുത്തു. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന് മാസ്റ്റര്‍, യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ഡീന്‍ ഡോക്ടര്‍ കെ.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി പ്രൊഫസര്‍ ജെ.എസ്.ജയസുധ സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ കെ.ദീപ്തി നന്ദിയും പറഞ്ഞു. ശാശ്വതാ മിഷന് പ്രേരക്മാരായ എം.നാരായണി, വി.രജനി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം കൊടുത്തു. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ആര്.പി മാരായി സേവനമനുഷ്ഠിക്കുന്നത് കൂടാതെ ചില പഞ്ചായത്തുകളില്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ക്ലാസ്സെടുക്കും.