ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെച്ച് ശിഹാബ് ചോറ്റൂർ
കുവൈത്ത് സിറ്റി: കാല്‍നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച ശിഹാബ് ചോറ്റൂര്‍ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവെക്കാൻ കുവൈത്തിലെത്തി.
കുവൈത്ത് ഫര്‍വാനിയില്‍ പുതുതായി ആരംഭിച്ച ദുബൈ ദുബൈ കറക് മക്കാനിയിലെത്തിയ ശിഹാബ് മലപ്പുറം വളാഞ്ചേരിയില്‍നിന്ന് മക്കവരെ നടന്നെത്തിയ അനുഭവങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ചു. ശിഹാബിനെ കാണാനും അനുഭവങ്ങള്‍ കേള്‍ക്കാനും നിരവധി പേരാണ് അല്‍ ഗാനം യുറീക്കക്ക് സമീപമുള്ള ദുബൈ ദുബൈ കറക് മക്കാനിയിലെത്തിയത്.
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടില്‍ നിന്ന് 2022 ജൂണ്‍ രണ്ടിന് പുലര്‍ച്ചയാണ് ശിഹാബ് ഹജ്ജിനായി കാല്‍നട ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ട് പാകിസ്താനിലെത്തി ഇറാനില്‍ പ്രവേശിച്ചു. ഇറാനില്‍നിന്ന് ഇറാഖും കുവൈത്തും പിന്നിട്ട് സൗദി അറേബ്യയില്‍ പ്രവേശിക്കുകയായിരുന്നു. അങ്ങനെ ഈ വര്‍ഷം അനേക ലക്ഷങ്ങള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നതായി ശിഹാബ് പറഞ്ഞു. യാത്രയിലുടനീളം പിന്തുണയും സഹായവും നല്കിയവര്ക്കും ശിഹാബ് നന്ദി പറഞ്ഞു.
ദുബൈ ദുബൈ കറക്ക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പും ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞിയും നല്കിയ സഹായങ്ങള്‍ക്ക് പ്രത്യേക നന്ദി അറിയിച്ചു. എ.എം ഗ്രൂപ്പ് ചെയര്മാൻ ആബിദ് മുളയങ്കാവ്, ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി ഡയറക്ടര്‍ ഹിജാസ്, സ്പോണ്‍സര്‍മാരായ ഫഹദ് മിഷ്കിസ് സാലിഹ് അല്‍ റഷീദി, അബ്ദുള്ള അല്‍ അൻസി എന്നിവര്‍ ശിഹാബിനെ സ്വീകരിച്ചു.