മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞു, ദമ്പതികൾ കസ്റ്റഡിയിൽ, തലയ്ക്ക് പരിക്കേറ്റ ഒന്നരവയസുകാരി ആശുപത്രിയിൽ
കൊല്ലം : മദ്യലഹരിയിൽ കുഞ്ഞിനെ എടുത്തെറിഞ്ഞ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ഒന്നരവയസുകാരിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കുറവമ്പാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ, മാരിയമ്മ ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സംഭവത്തിൽ പരസ്പരം പഴി ചാരുകയാണെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടായി. പിന്നാലെ അടുത്തേക്ക് വന്ന കുഞ്ഞിനെ അവർ വീടിന് പുറത്തേക്ക് എടുത്തെറിയുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ദമ്പതികൾക്കെതിരെ ബാലനീതി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.