സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്കെത്തി സ്വർണവും ഡയമണ്ട് നെക്ലസുമായി കടന്നു; യുവതി പിടിയിൽ
പെരുമ്പാവൂർ: സുഹൃത്തിന്റെ വീട്ടിലെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളുമടക്കം കവർച്ച ചെയ്ത സംഭവത്തിലെ പ്രതി പിടിയിലായി. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30) ആണ് അറസ്റ്റിലായത്.
മേയ് ആറിന് കോടനാട് വച്ചായിരുന്നു സംഭവം. ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങൾ മാമോദീസ ചടങ്ങിന് ശേഷം അലമാരിയിൽ വച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി കവർന്നത്. മോഷണമുതൽ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറിയിലും പണമിടപാട് സ്ഥാപനങ്ങളിലും നിന്ന് കണ്ടെത്തി. നാല് ലക്ഷം രൂപ വിലവരുന്നവയാണ് മോഷ്ടിച്ചത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ പി ജെ കുര്യാക്കോസ്, എ.എസ്.ഐ ശിവദാസ്, സീനിയർ സിപിഒ സെബാസ്റ്റ്യൻ, സിപിഒമാർ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.