അടുപ്പ് കത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ അടുക്കളയിൽ നിന്ന് ഉഗ്രശബ്ദം; വൻ അപകടത്തിന് കാരണമായത് ഈ ചെറിയ അശ്രദ്ധ
മലയിൻകീഴ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. അണപ്പാട് സ്വദേശി തങ്കപ്രഭാദേവിയുടെ വീടിന് പുറത്തുള്ള വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അടുക്കളയിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
വർക്ക് ഏരിയയിൽ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ കാട്ടാക്കട ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുപ്പിൽ തീ കത്തുന്നുണ്ടായിരുന്നു. ഇതിനടുത്തായി ഉണങ്ങാനിട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് തീപടരുകയും അതിൽ നിന്നും ഗ്യാസ് സിലിണ്ടറിലേക്കും വ്യാപിച്ചതാണ് അപകടത്തിനിടയാക്കിയത്. ഫയർഫോഴ്സിന്റെ ശ്രമഫലമായി ഒരുമണിക്കൂർ കൊണ്ട് തീകെടുത്തി. മൂന്ന് സിലിണ്ടറുകളിൽ ഒരെണ്ണം ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും ഒരെണ്ണം കത്തി നശിക്കുകയും ചെയ്തു. മറ്റൊന്ന് അവിടെ നിന്ന് മാറ്റി. പുറത്തുള്ള അടുക്കള ഭാഗം പൂർണമായി കത്തിനശിച്ചു. നാശനഷ്ടക്കണക്ക് വിലയിരുത്തുന്നതേയുള്ളൂ.