ഏക സിവിൽകോഡ്: തുടർസമര പരിപാടികൾക്ക് സമസ്ത, ഇന്ന് സ്പെഷ്യല്‍ കണ്വെന്ഷന്
കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികൾക്ക് സമസ്ത. ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ കണ്വെന്ഷന് ചേരും. സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാൻ ആകില്ലെന്നാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സിവിൽ കോഡിനെതിരെ ലീഗുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.
കേന്ദ്ര സർക്കാരിന്റെ നീക്കത്തോട് യോജിക്കാനാകില്ല. രാഷ്ട്രീയ കക്ഷികളേയും സമുദായങ്ങളേയും യോജിപ്പിച്ച് പ്രക്ഷോഭം ആലോചിക്കും. സമസ്ത അതിന് നേതൃത്വം നൽകും. മറ്റ് മത നേതാക്കളെയും സമീപിക്കും .എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്നും ജിഫ്രിൻ തങ്ങൾ പറഞ്ഞിരുന്നു. ഇടതു പക്ഷം ഏകീകൃത സിവില്‍ കോഡിനെ എതിർത്തത് സ്വാഗതം ചെയ്യുന്നുവെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.
അതേസമയം, ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നൽകിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു. ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കും, മതേതരത്വതത്തിനും എതിരാണെന്ന നിലപാടുയര്‍ത്തി നാഗാലന്‍ഡിലെ ഭരണകക്ഷിയായ എന്‍ഡിപിപി സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.