രാജപുരം: വൃക്ക രോഗിക്ക് ചികിത്സാവാഗ്ദാനം നല്കി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി 5 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍.രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയായ തൃശ്ശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. രാജപുരം മാലക്കല്ല് ചെരുമ്പച്ചാലിലെ ജോസഫ് മുണ്ടപ്പുഴയില്‍ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത തൃശ്ശൂര്‍ ദേശമംഗലത്തെ ഹൈദ്രുവിന്റെ മകന് ബഷീറിനെയാണ് 43 രാജപുരം പോലീസ് തൃശ്ശൂരില്‍ നിന്നും പിടികൂടിയത്.വൃക്ക രോഗിയായ ജോസഫിന് വൃക്കമാറ്റിവെയ്ക്കാന്‍ സഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ബഷീര്‍ 4 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയത്.ലക്ഷങ്ങള്‍ ചിലവുവരുന്ന വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായി വരുന്ന തുക സ്വരൂപിച്ച് നല്‍കാമെന്നായിരുന്നു ബഷീറിന്റെ വാഗ്ദാനം. ശസ്ത്രക്രിയയുടെ പ്രാരംഭ ചിലവിനായി 4 ലക്ഷം നല്കിയാല് ബാക്കി തുക താന്‍ സംഘടിപ്പിച്ചു നല്‍കുമെന്നാണ് ബഷീര്‍ ജോസഫിനെ വിശ്വസിപ്പിച്ചത്.വ്യവസായി എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണെന്നാണ് പ്രതി ഇദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്.4 ലക്ഷം രൂപയുമായി ബഷീര്‍ മുങ്ങിയതിനെ തുടര്‍ന്ന് ജോസഫ് രാജപുരം പോലീസില്‍ പരാതി കൊടുത്തു.പ്രസ്തുത പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് തട്ടിപ്പുക്കേസിലെ പ്രതി തൃശ്ശൂരിലുണ്ടെന്ന് രാജപുരം പോലീസിന് വിവരം ലഭിച്ചത്.