മഴക്കാല രോഗങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും ചെറുക്കാന്‍ ആരോഗ്യ വകുപ്പ്
കാസര്‍കോട്: മഴക്കാലം ശക്തിപ്പെട്ടതോടുകൂടി പകര്‍ച്ചവ്യാധികളുടെ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജപ്പെടുത്തി ജില്ലയിലെ ആരോഗ്യവകുപ്പ് .രോഗ വ്യാപനത്തോടൊപ്പം പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനും ആരോഗ്യ സ്ഥാപനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും സജ്ജമാക്കിക്കഴിഞ്ഞു. ജില്ലയിലെ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ തദ്ദേശഭരണ ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന ജീവനക്കാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.
ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ വിഭാഗവും നടത്തേണ്ട ഇടപെടലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുകയും ചെയ്തു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലത്തില്‍ ആരോഗ്യ ശുചിത്വ സമിതികളുടെ യോഗം ആഴ്ചയിലൊരിക്കല്‍ ചേരാനും വിവിധ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തോത് വിലയിരുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ സ്ഥാപിച്ചു. കിടത്തി ചികിത്സാ സൗകര്യമുള്ള പ്രധാന ആശുപത്രികളില്‍ പനി വാര്‍ഡുകള്‍ സജ്ജീകരിച്ചു. എല്ലാ ആശുപത്രികളിലും അത്യാവശ്യമായ മരുന്നുകള്‍ ഉറപ്പുവരുത്തി. ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലും ജില്ലാതല ഉദ്യോഗസ്ഥന്മാര്ക്ക് ചുമതല നല്‍കുകയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പ്രതിദിന റിപ്പോര്‍ട്ടിംഗ് നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നുണ്ടെങ്കില്‍ പ്രസ്തുത കേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാനാവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് പറഞ്ഞു.