ഒരുമാസം കൊണ്ട് തെളിയിച്ചത് 3 കൊലപാതകങ്ങൾ; 2 കോടിയുടെ കുഴൽപണവും നിരവധി മയക്കുമരുന്ന് വേട്ടയും. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ തേരോട്ടം തുടരുന്നു
കാസർകോട്: കാസർകോട് സബ് ഡിവിഷൻ പരിധിയിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന മൂന്ന് കൊലപാതകങ്ങൾ കൃത്യതയോടെയുള്ള അന്വേഷണത്തിൽ തെളിയിച്ചതിന് ജില്ലാ പൊലീസ് മേധാവിക്കും ടീമിനും അഭിമാനിക്കാം. ദൃക്സാക്ഷികളോ തെളിവിന്റെ ഒരു കണിക പോലുമോ ഇല്ലാതിരുന്ന രണ്ട് കൊലക്കേസുകൾ ശാസ്ത്രീയമായ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും ഡിജിറ്റൽ തെളിവുകളുടെയും പിൻബലത്തിലൂടെയാണ് പോലീസ് തെളിയിച്ചത്. ഡി വൈ എസ് പി പി സുധാകരന്റെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള അന്വേഷണ മികവിലാണ് കേസ് തെളിയിക്കുനത് .
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈവളിഗെ കളായിൽ പ്രഭാകര നൊണ്ടയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അടക്കം അഞ്ചംഗ ക്വടേഷൻ സംഘത്തെ അറസ്റ്റ് ചെയ്തത് 24 മണിക്കൂറിനകമാണ്. സഹോദരൻ ജയറാം നൊണ്ടയടക്കമുള്ള മുഴുവൻ പ്രതികളെയും ആയുധങ്ങൾ സഹിതമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
10 ദിവസം ദിവസം മുമ്പ് ബദിയടുക്കയിൽ, ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ മധൂർ അറന്തോടിലെ സന്ദീപിനെ (26) കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ പ്രതി പവൻ രാജിനെ (22) യും ആയുധങ്ങളുമായി എട്ടു മണിക്കൂർ കൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ സീതാംഗോളി തോമസ് ക്രാസ്റ്റ വധക്കേസിലും പ്രതികൾ മൂന്ന് ദിവസത്തിനകമാണ് കൃത്യമായ തെളിവുകൾ സഹിതം പിടിയിലായത്.
കാസർകോട്ട് മാസങ്ങൾക്കുള്ളിൽ രണ്ട് കോടിയിലധികം രൂപയുടെ കുഴൽപണം പിടികൂടിയതും ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേന ആവിഷ്കരിച്ച് നടപ്പാക്കിയ ‘ക്ലീൻ കാസർകോട്’ എന്ന പദ്ധതിയുടെ വിജയമായി. പദ്ധതിയിലൂടെ നൂറോളം പേർ അറസ്റ്റിലായി എന്നാണ് കണക്ക്. ബെംഗ്ളൂറിൽ നിന്നും മയക്കുമരുന്ന് കൊടുത്തു വിടുന്ന വിദേശ വനിതയെ അടക്കം അറസ്റ്റ് ചെയ്ത് കൊണ്ടുവന്നാണ് പൊലീസ് നടപടി കർശനമാക്കിയത്. സ്ത്രീകൾ ഉൾപെടെയുള മയക്കുമരുന്ന് വിതരണക്കാർ ഇപ്പോൾ ജയിലിലാണ്. ക്ലീൻ കാസർകോടിൻ്റെ രണ്ടാം ഘട്ടം ഇനിയും ഉർജിതമാകുനുള്ള ശ്രമത്തിലാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന