പാനൂരിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ∙ പാനൂർ ചെറുപ്പറമ്പ് പുഴയിൽ ഒഴുക്കിൽ പെട്ട് ഇന്നലെ കാണാതായ പ്ലസ് ടു വിദ്യാർഥി സിനാന്റെ മൃതദേഹവും കണ്ടെത്തി. ഒഴുക്കിൽ പെട്ട ചെറുപ്പറമ്പ് ചേലക്കാട്ട് പുഴയുടെ ഭാഗമായ കുപ്യാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഇന്നലെയാണ് ഒഴുക്കിൽപെട്ടത്.
കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാസിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ – സമീറ ദമ്പതികളുടെ മകനാണ്.
കാണാതായ കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകൻ സിനാനിനായി ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. രാത്രി 11 മണിയോടെ തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. തുടർന്ന് ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.