പ്രവാസികളുടെ തൊഴിലവസരത്തിൽ ആശങ്ക; സ്വദേശിത്കരണത്തിന്റെ സമയ പരിധി അവസാനിക്കുന്നു, ഇനി ലഭിക്കുന്നത് കനത്ത പിഴ
അബുദാബി: സ്വദേശിവത്കരണത്തിന്റെ നിരക്ക് ഒരു പടി കൂടി വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇ. രാജ്യത്ത് അർദ്ധവാർഷിക സ്വദേശിവത്കരണ നിരക്ക് പാലിക്കാനുള്ള സമയപരിധി ജൂലൈ ഏഴിന് അവസാനിക്കും. ജൂൺ 30 വരെയാണ് നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത് പിന്നീട് ജൂലൈ ഏഴ് വരെ നീട്ടുകയായിരുന്നു. 50 ജീവനക്കാരിൽ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വിദഗ്ദ തൊഴിൽ വിഭാഗത്തിൽ സ്വദേശിവത്കരണത്തിൽ വർദ്ധനവ് വരുത്തണമെന്നാണ് ചട്ടം.
സ്വദേശിവത്കരണ ചട്ടത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് കനത്ത പിഴയാണ് ഈടാക്കി വരുന്നത്. അർദ്ധവാർഷിക സ്വദേശിവത്കരണ നിരക്ക് വർദ്ധനവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കുള്ള പിഴ 42,000 ദിർഹം വരെ ഉയർന്നേക്കാം എന്നാണ് വിവരം.ഓരോ ആറ് മാസവും ഒരു ശതമാനം വീതമാണ് സ്വദേശിവത്കരണം നടപ്പിലാക്കേണ്ടത്. നിലവിൽ രണ്ട് ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിലായി. ജൂലൈയിലെ സമയപരിധി അവസാനിക്കുന്നതോടെ ഇത് മൂന്ന് ശതമാനമായി ഉയരും. വർഷാവസാനത്തോടെ രണ്ടാം അർദ്ധവാർഷിക നിരക്ക് പ്രാബല്യത്തിൽ വരികയും ഇത് നാല് ശതമാനമായി മാറുകയും ചെയ്യും
സ്വദേശിവത്കരണത്തിന്റെ നിരക്ക് പടിപടിയായി വർദ്ധിപ്പിച്ച് രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളാണ് സജീവമായി തുടരുന്നത്. ഇത് വഴി പ്രവാസി തൊഴിലാളികളുടെ തൊഴിലവസരങ്ങളിൽ ഓരോ വർഷവും കുറവ് രേഖപ്പെടുത്താം. എന്നാൽ ചില മേഖലകളിൽ നിലവിലെ സ്വദേശികളെക്കാൾ വിദഗ്ദ പ്രവാസി തൊഴിലാളികളെ ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട്. 2026-ഓടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് അധികൃതരുടെ പദ്ധതി.