‘പറക്കും കള്ളൻ’ ആഭരണങ്ങൾ സൂക്ഷിച്ചത് നഗരമദ്ധ്യത്തിൽ, മോഷ്ടിക്കാൻ ചെല്ലുന്ന വീട്ടിൽ പണം കണ്ടാലും എടുക്കില്ല, പ്രിയം സ്വർണത്തോട് മാത്രം
തിരുവനന്തപുരം: നഗരത്തിന്റെ ഭൂമിശാസ്ത്രം ഗൂഗിളിൽ തെരഞ്ഞ് മനസിലാക്കിയ ശേഷമാണ് സമ്പത്തി ഉമാപ്രസാദ് തിരുവനന്തപുരത്ത് മേയ് 28ന് വിമാനമിറങ്ങിയത്. പഴവങ്ങാടി ഫോർട്ട് വ്യൂ ഹോട്ടലിൽ റൂമെടുത്ത ശേഷം ആദ്യം പദ്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി. കോവളം,ശംഖുംമുഖം,വേളി,മ്യൂസിയം ഉൾപ്പെടെയുളള സ്ഥലങ്ങളിലും ചുറ്റിയടിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് ലൊക്കേഷനുകൾ മനസിൽ പതിച്ചു. ജൂൺ രണ്ടിന് ആന്ധ്രയിലേക്ക് മടങ്ങിയ ഉമാപ്രസാദ് മൂന്ന് ദിവസം കഴിഞ്ഞ് ആറാം തീയതി വ്യക്തമായ പദ്ധതികളോടെ തിരികെയെത്തി. ജൂൺ 19ന് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ വാഴപ്പളളിയിലെ രത്നമ്മയുടെ വീട്ടിലായിരുന്നു ആദ്യ മോഷണം.
24ന് മൂലവിളാകത്ത് കോമത്ത് മോഹനന്റെ വീട്ടിൽ രണ്ടാമത്തെയും 28ന് മണക്കാട് നജാബിന്റെ വീട്ടിൽ മൂന്നാമത്തെയും മോഷണം നടത്തി. ദൗത്യം പൂർത്തിയാക്കി ജൂലായ് ഒന്നിനായിരുന്നു മടക്കം. പിടിക്കപ്പെടാത്ത സ്ഥിതിക്ക് താൻ സുരക്ഷിതനാണെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതൽ മോഷണം നടത്തണമെന്നും ഉമാപ്രസാദ് പദ്ധതിയിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ കേരള പൊലീസ് രഹസ്യമായി നടത്തിയ നീക്കം ഉമാപ്രസാദിന്റെ പദ്ധതികളെ തകിടംമറിച്ചു.