വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി; മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയതെന്ന് സംശയം
മലപ്പുറം: മുണ്ടുപറമ്പിൽ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സബീഷിനെയും ഷീനയേയും രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
ബന്ധുക്കൾ ദമ്പതികളെ പല തവണ ഫോണിൽ വിളിച്ചിരുന്നു. കിട്ടാതായതോടെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിറക് വശത്തെ ഗ്രിൽ വഴിയാണ് അകത്തുകടന്നത്. മരണകാരണം വ്യക്തമല്ല. സബീഷ് ഒരു ധനകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.