മഴക്കെടുതികള്‍ നേരിടാന്‍ ജില്ല സജ്ജം; ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു
കാസര്‍കോട്: കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണനും വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പങ്കെടുത്തു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള അഞ്ച് വില്ലേജ് ഓഫീസുകളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും താലൂക്ക് പരിധിയില്‍ കണ്ടെത്തിയിരിക്കുന്ന 39 ക്യാമ്പുകളിലായി 3700 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചില്‍ , വെള്ളപ്പൊക്കം എന്നിവ ഉണ്ടായ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പറഞ്ഞു. ചീമേനി, കള്ളാര്‍, പരപ്പ എന്നിവിടങ്ങളില്‍ ഓരോ കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കൊട്ടൊടി എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. പനത്തടി കമ്മാടത്ത് കോളനിയിലെ 1 0 കുടുംബങ്ങളെ അടിയന്തിര സാഹചര്യം സംജാതമായാല്‍ മാറ്റേണ്ട ക്യാമ്പ് സജ്ജമാണ്. താലൂക്കില്‍ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിരിക്കുന്ന 36 കെട്ടിടങ്ങളില്‍ 2000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകിയിട്ടുണ്ടെന്നും 50ഓളം കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് ഫയര്‍ഫോഴ്സ് സഹായത്തോടെ മാറ്റിയിട്ടുണ്ടെന്നും കാസര്‍കോട് തഹസില്‍ദാര്‍ പറഞ്ഞു. 34 ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. 3000 പേരെ ഉള്‍ക്കൊള്ളാന്‍ പറ്റും. നെക്രാജെ വില്ലേജില്‍ ഒരു വീട്ടിലേക്ക് മണ്ണിടിഞ്ഞു.
മഞ്ചേശ്വരം താലൂക്കില്‍ പുഴകളുടെ ജല നിരപ്പ് ഉയരുന്നുണ്ടെന്നും കുഞ്ചക്കന്‍, ഉപ്പള, കൊയിപ്പാടി എന്നിവിടങ്ങളില്‍ കടലാക്രമണമുണ്ടെന്നും മഞ്ചേശ്വരം തഹസില്‍ദാര്‍ പറഞ്ഞു. ആരെയും ഇതുവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. 33 കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 3500 ആള്‍ക്കാരെ പാര്പ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.മഴക്കെടുതികള്‍ രൂക്ഷമായി തുടരുന്നതിനാല്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കുവാന്‍ ജില്ലാ കളക്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 55 സ്കൂളുകളും, 10 ആശുപത്രികളും പരിശോധിച്ചുവെന്ന് തദ്ദേശസ്ഥാപന ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ചില്ലകള്‍ മുറിക്കുവാനും, 132 മരങ്ങള്‍ മുറിച്ച് മാറ്റുവാനുമുള്ള പട്ടിക ലഭിച്ചിട്ടുണ്ടെന്നും എല്ലാ പഞ്ചായത്തുകളിലും കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിരിക്കുന്ന കെട്ടിടങ്ങളില്‍ വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.
വെള്ളക്കെട്ട് മേഖലകളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്താനു, ആരോഗ്യ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
സ്കൂളുകള്‍, ആശുപത്രികള്‍, പ്രധാന പാതകള്‍ എന്നിവിടങ്ങളില്‍ അപകടകരമായിട്ടുള്ള എല്ലാ മരങ്ങളും മുറിച്ചു മാറ്റുന്നതിന് ഓറഞ്ച് ബുക്ക് നിര്‍ദ്ദേശം പ്രകാരം അടിയന്തിര നടപടി സ്വീകരിക്കുo. വെള്ളം കെട്ടിനിന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ്ങ് ഉറപ്പു വരുത്തും.
ജില്ലയില്‍ 8 സര്‍ക്കാര്‍ ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. എല്ലാ ഗവ. ആശുപത്രികളിലും സേവനം നല്കുവാന് സ്റ്റാഫുകളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകളൊക്കെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. താലൂക്ക് ഹോസ്പിറ്റലും, പി.എച്ച്.സി. സി.എച്ച്.സി. കളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ 12 ആംബുലന്‍സും, 14 എണ്ണം 108 ആംബുലന്‍സും ഉണ്ട്. ബ്ലോക്കുതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.
ആന്റിവെനം സ്റ്റോക്കുണ്ടെന്ന് അറിയിച്ചു. പിഎച്ച്സി, സിഎച്ച്സി തുടങ്ങി എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരു ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പുവരുത്തുംപ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ആവശ്യമായ മരുന്നുകള്‍ സംഭരിച്ചു വെക്കും.
മഴക്കാലത്തിനുശേഷം പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് തടയാന്‍ വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ മുന്‍കൂട്ടി എടുക്കും. തൊഴിലുറപ്പ് മേഖലയിലെ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും, ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കും .പാമ്പ് വിഷ ചികിത്സക്കായി ആന്റിവെനം മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തും.
ട്രോളിംഗ് നിരോധന കാലമായതിനാല്‍ മത്സ്യതൊഴിലാളികളുടെ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഉറുപ്പു വരുത്താന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്കി.
ഒരു മാസത്തേക്ക് ജില്ലയ്ക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഒഴിവാക്കിയതും, അനധികൃതമായ പ്രവര്‍ത്തിക്കുന്നതുമായ ക്വാറികളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇവ കമ്പിവേലി ഉപയോഗിച്ച് സുരക്ഷിതമാക്കാന്‍ മൈനിംഗ് & ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്കി.
മരുന്നുകളും, വാക്സിനുകളും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, മണിക്കൂരും 24 പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ടെന്നും, ആംബുലെന്‍സ്, മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് എന്നിവ സജ്ജമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ മഴകെടുതി മൂലം 995 കര്‍ഷകറുടെ 54.66 ഹെക്ടാര്‍ ഭൂമിയില്‍ കൃഷി നാശം സംഭവിച്ചുണ്ടെന്നും, ഏകദേശം 42.47 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
സ്കൂളിലെ പ്രധാന അധ്യാപകര്‍ സ്കൂളില്‍ എത്തി ക്ലാസ് മുറികളും മറ്റും നല്ല രീതിയില്‍ തന്നെ ആണെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ കോമ്പൌണ്ടില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ പൂര്‍ണ്ണമായും മുറിച്ച് മാറ്റുവാനുള്ള നടപടി സ്വീകരിക്കണം. കോമ്പൌണ്ട് വാളുകള്‍ അപകട രഹിതമാണെന്ന് ഉറപ്പു വരുത്തണം. സ്കൂള്‍ പരിസരം ക്ലോറിനേഷന് ചെയ്ത് വൃത്തിയാക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ ആവശ്യമായ വെള്ളം ടെസ്റ്റ് ചെയ്ത് മാത്രം നല്‍കുക.
കയാക്കിങ്ങ് ഉള്‍പ്പടെയുള്ള എല്ലാ ജലാശയ വിനോദങ്ങള്‍, ട്രെക്കിംഗ്, ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ജൂലൈ 10 വരെ കര്‍ശനമായി നിരോധനം ഏര്‍പ്പെടുത്തിയതായി ടൂറിസം വകുപ്പ് അറിയിച്ചു. ഹൗസ് ബോട്ട് അടക്കമുള്ള എല്ലാ വാഹനങ്ങളിലും ജൂലൈ 10 വരെ അടിയന്തരമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തും.