നീലേശ്വരത്ത് നഗരസഭാ തല ദുരന്തനിവാരണ കമ്മിറ്റി രൂപീകരിച്ചു
കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായുള്ള അവലോകന യോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയുടെ അധ്യക്ഷതയില്‍ അനക്സ് ഹാളില്‍ ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ചെയര്‍പേഴ്സനും സെക്രട്ടറി കെ.മനോജ് കുമാര്‍ കണ്‍വീനറുമായി നഗരസഭാതല ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിച്ചു. പാലാത്തടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ചാത്തമത്ത് ക്ഷേത്രം ഓഡിറ്റോറിയം, പള്ളിക്കര ജുമാ മസ്ജിദ്, കടിഞ്ഞിമൂല ജി.ഡബ്ല്യു.എല്‍.പി സ്കൂള്‍, കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ കേന്ദ്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സജ്ജമാക്കാന്‍ തീരുമാനിച്ചു .
യോഗത്തില്‍ വൈസ് ചെയര്മാന് പി.പി.മുഹമ്മദ് റാഫി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ഗൗരി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.രവീന്ദ്രന്, കൗണ്‍സിലര്‍മാരായ റഫീക്ക് കോട്ടപ്പുറം, ഷംസുദ്ദീന് അറിഞ്ചിറ, വിനു നിലാവ്, വി.വി. സതി, എം.കെ.വിനയരാജ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.എ.ടി.മനോജ്, പൊലീസ് എസ്. ഐ. മധുസൂദനന്, വില്ലേജ് ഓഫീസര്‍ കെ.വി.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, നഗരസഭാ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.