ജ്ഞാനോത്സവം 2023, ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു; അറിവ് പങ്കിടുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ത്ഥകമാകുന്നത്: ഗവര്‍ണര്‍
കാസര്‍കോട്: ശരിയായ വിദ്യാഭ്യാസത്തിലൂടെ രാജ്യത്തിന്റെ സംസ്കാരം പുനരുജ്ജീവിപ്പിക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രസര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘ജ്ഞാനോത്സവം 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്ക്കാരം ഉള്‍ക്കൊള്ളുന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിത്തറയെന്ന് ഗവര്‍ണര്‍ പറഞ്ഞു. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം അറിവ് നേടലാണെന്നും വിനയമാണ് അറിവിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു. അറിവ് നേടുമ്പോള്‍ അല്ല അത് മറ്റുള്ളവരുമായി പങ്കുവെക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ത്തിയാകൂയെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പഠിക്കാനുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. ഇത് വിദ്യാര്‍ത്ഥികളുടെ ചിന്താ പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. നൂതന ആശയങ്ങളുമായി മുന്നോട്ടു വരാന്‍ കഴിവുള്ളവര്‍ക്കേ ലോകത്ത് പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിച്ചു.
എ.ഐ.സി.ടി.ഇ. വൈസ് ചെയര്മാന് ഡോ.അഭയ് ജെറെ, കോഴിക്കോട് എന്‍.ഐ.ടി. ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, ദേശീയ പട്ടികജാതി പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ് സമിതി അംഗം എ.വിനോദ്, കേന്ദ്രീയ വിദ്യാലയ സംഘതന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിക് ഡീന്‍ അമൃത് ജി കുമാര്‍ സ്വാഗതവും വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ എന്‍.സി.ഇന്ദുചൂഡന് നന്ദിയും പറഞ്ഞു.
കേന്ദ്രസര്‍വകലാശാലയിലെ വിദ്യാഭ്യാസവകുപ്പും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായാണ് പരിപാടി. വിദ്യാഭ്യാസത്തിലൂടെ ആത്മനിര്‍ഭര്‍ ഭാരതം എന്നതാണ് പ്രമേയം.
നൂതന വിദ്യാഭ്യാസ ആശയങ്ങളുടെ പ്രദര്‍ശനവും സംവാദവുമാണ് പരിപാടിയുടെ പ്രത്യേകത. തിരഞ്ഞെടുക്കപ്പെട്ട 50ഓളം സ്കൂളുകളും അധ്യാപക പരിശീലന സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാവും. വിദ്യാര്‍ഥികളുടെ സമഗ്രവികാസം, പരിസ്ഥിതിപ്രവര്‍ത്തനം, ഭാരതീയ ജ്ഞാനപരമ്പരയും ഭാഷയും, തൊഴില്‍ നൈപുണി, സമഗ്രമൂല്യനിര്‍ണയം എന്നീ അഞ്ച് വിഷയങ്ങളില്‍ നടപ്പാക്കിയ മാതൃകകളും പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.