‘നിങ്ങളുടെ സമയം ഉടൻ വരും’: ‘തഴഞ്ഞതിൽ’ റിങ്കുവിന് സന്ദേശവുമായി ഇർഫാൻ പത്താൻ
മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 ടീമിൽ ഉൾപ്പെടും എന്ന് ക്രിക്കറ്റ് പ്രേമികൾ എല്ലാവരും കരുതിയ താരമായിരുന്നു റിങ്കു സിങ്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തക്കായി തകർപ്പൻ പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. മികച്ച ഫോമിൽ നിൽക്കെ റിങ്കുവിനെ തഴയാൻ കാരണങ്ങൾ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ മുൻഇന്ത്യൻ താരം അജിത് അഗാർക്കറിന്റെ കീഴിലുള്ള സെലക്ഷൻ കമ്മിറ്റി പുതിയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ റിങ്കുവിന് അവസരം ഇല്ല. ഇതോടെ നിരവധി പേർ നിരാശ പ്രകടമാക്കി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും അക്കൂട്ടത്തിലുണ്ടായിരുന്നു. റിങ്കുവിന്റെ സമയം ഉടൻ വരും എന്നാണ് പത്താൻ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഐപിഎല്ലിൽ പതിനാല് മത്സരങ്ങളിൽ നിന്നായി 474 റൺസാണ് റിങ്കു അടിച്ചെടുത്തത്. 59.25 ആയിരുന്നു ആവറേജ്. 149.53 ആയിരുന്നു സ്ട്രക്ക് റേറ്റ്.
അതേസമയം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ റിങ്കുവിന് സ്ഥാനം ഉണ്ടാകും എന്നാണ് പുതിയ വിവരം. ശിഖർ ധവാന്റെ കീഴിൽ ഏഷ്യൻ ഗെയിംസിന് ഇന്ത്യ, ടീമിനെ അയക്കുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ട്. പ്രധാന താരങ്ങൾ ലോകകപ്പ് തിരക്കിലമരുന്നതിനാൽ രണ്ടാം നിര ടീമിനെയാകും ഇന്ത്യ പരീക്ഷിക്കുക. അതേസമയം ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിലേക്ക് ഐ.പി.എല്ലിൽ തിളങ്ങിയ യശ്വസി ജയ്സ്വൾ, തിലക് വർമ്മ എന്നിവർക്ക് അവസരം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
വിരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പുതിയ താരങ്ങളെയാണ് ടി20 ടീമിലേക്ക് ഇന്ത്യ പരിഗണിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് വിന്ഡീസിനെതരെ ഇന്ത്യക്ക് കളിക്കാനുള്ളത്. അതിന് മുന്നോടിയായി ഏകദിന – ടെസ്റ്റ് മത്സരങ്ങള് കൂടിയുണ്ട്. അതേസമയം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലാണ് വെസ്റ്റ്ഇൻഡീസ്.