കൊച്ചി നഗരത്തെ നടുക്കി കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു, പ്രതി കീഴടങ്ങി
കൊച്ചി: കൊച്ചി നഗര മധ്യത്തിൽ യുവാവിനെ കുത്തി കൊന്നു. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. പ്രതി പോലീസിൽ കീഴടങ്ങി. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് കൊലപാതകം നടന്നത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതി റോബിൻ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് വിവരം. നോർത്ത് പോലീസിൽ കീഴടങ്ങിയ പ്രതിയെ എറണാകുളം സെൻട്രൽ പോലീസിന് കൈമാറി. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.