17കാരിയുമായി ഒളിച്ചോടിയ അദ്ധ്യാപികയെ കണ്ടെത്തി, പ്രണയത്തിലെന്ന് വീഡിയോ സന്ദേശം
ജയ്പൂർ: രാജസ്ഥാനിൽ നിന്ന് കാണാതായ 17കാരിയായ പ്ലസ് ടു വിദ്യാർത്ഥിയെയും അദ്ധ്യാപികയെയും കണ്ടെത്തി. പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഇരുവരെയും ചെന്നെയിൽ നിന്ന് കണ്ടെത്തിയത്.
രാജസ്ഥാനിലെ ബിക്കാനീറിലെ ദൻഗർ ടൗണിലെ സ്വകാര്യ സ്കൂളിൽ നിന്ന് ജൂലായ് ഒന്നിനാണ് 17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായത്. അന്ന് തന്നെ ഇതേ സ്കൂളിലെ 21 കാരിയായ അദ്ധ്യാപികയെയും കാണാതായിരുന്നു. അദ്ധ്യാപികയ്ക്കൊപ്പം പെൺകുട്ടി ഒളിച്ചോടിയതാണെന്നും സംഭവം ലവ് ജിഹാദാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനിടെ ചെന്നൈയിൽ വച്ചാണ് ഇരുവരെയും കണ്ടെത്തിയതെന്ന് ബിക്കാനീർ പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിലെത്തുന്നതിന് മുൻപ് ഇവർ കേരളത്തിൽ തങ്ങിയതായും പൊലീസ് പറഞ്ഞു. കുട്ടിയും അദ്ധ്യാപികയും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അദ്ധ്യാപികയ്ക്കും അവരുടെ പിതാവിനും സഹോദരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.