വീരമലകുന്നിലെ മണ്ണിടിച്ചില്‍; ദേശീയ പാതയിലെ ഗതാഗതം വഴിതിരിച്ചു വിടും
കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുവത്തൂര്‍ കൊവ്വല്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ജൂലൈ 5 വൈകീട്ട് 6 മുതല്‍ ജൂലൈ 7 വൈകീട്ട് 6 വരെയുള്ള 48 മണിക്കൂര്‍ സമയം ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉത്തരവിട്ടു.ദേശീയപാതയില്‍ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറ്, ബസ്, സ്കൂള്‍ ബസ് ഉള്‍പ്പടെയുള്ള യാത്രാ വാഹനങ്ങള്‍ കോട്ടപ്പുറം പാലം ചെറുവത്തൂര്‍, അരയാക്കടവ് കയ്യൂര്‍-ചെറുവത്തൂര്‍ എന്നീ റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റു വാഹനങ്ങള്‍ക്ക് ഹൈവേയില്‍ കൂടി തന്നെ പോവാം.വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നതിനും പാതകളില്‍ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീരമലക്കുന്നില്‍ മണ്ണെടുത്ത ഭാഗത്ത് കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശം എം രാജഗോപാലന്‍ എം എല്‍ എയും ജില്ലാ കളക്ടറും പരിശോധിച്ചിരുന്നു.