ബോര്‍ഡ് നോക്കി വേഗത നിയന്ത്രിക്കാം;സംസ്ഥാനത്തെ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31-നകം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31-നകം സ്ഥാപിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനര്‍ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിവിധ തരത്തില്‍പ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തിലാണ് തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാര്‍ക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി. ഉന്നതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, എന്‍എച്ച്എഐ കേരള റീജണല്‍ ഓഫീസര്‍ ബി.എല്‍. മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന് , പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, കെ.എസ്.റ്റി.പി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.