കുതിച്ചുയരുന്ന വിമാനനിരക്ക്; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസണ് പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് ഈ വര്‍ധന.കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാല്‍ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍ നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികള്‍ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തില്‍ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകനയോഗം ചേര്‍ന്നിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്. ഏറെക്കാലമായി പ്രവാസികള്‍ ഉന്നയിക്കുന്ന പ്രശ്നമാണ് ഉത്സവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് വര്‍ധനവ്. ഇന്ത്യയില്‍ നിന്നുള്ള വിമാനകമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായിരുന്നു.