ഉപജീവനത്തിന് സാമൂഹ്യനീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതി
കാസര്‍കോട്: ഭിന്നശേഷി ഉള്ളവരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുകയാണ് സാമൂഹ്യ നീതി വകുപ്പ് സ്നേഹയാനം പദ്ധതിയിലൂടെ. പദ്ധതി മുഖേന നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി ബാധിതരുടെ അമ്മമാര്‍ക്ക് സ്ഥിരമായ ഉപജീവനം കണ്ടെത്തുന്നതിനായാണ് സൗജന്യ ഇലക്ട്രിക് ഓട്ടോ നല്‍കുന്നത്.
55 വയസോ അതിനു താഴയോ പ്രായമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ ആയ ത്രീവീലര്‍ ലൈസന്‍സുള്ളവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഓട്ടോറിക്ഷ നല്‍കുന്നത്. ജില്ലയില്‍ രണ്ട് പേര്‍ക്കാണ് ഓട്ടോ ലഭിക്കുക. ഏകദേശം 3,50,000 വിലവരുന്ന ഇലക്ട്രിക് ഓട്ടോ വാഹനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇരുവരുടെയും വീടുകളില്‍ ചാര്‍ജിങ് സംവിധാനവും ഒരുക്കും. അനുവദിക്കുന്ന ഇലക്ട്രിക് ഓട്ടോ മറിച്ചുവില്‍ക്കാനോ കൈമാറാനോ പാടില്ല.
ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി മംഗല്‍പാടിയിലെ ഫാത്തിമത്ത് തസ്റിഫ ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ ഉടമസ്ഥയായി. ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറ്റം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ്, സീനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള, ജൂനിയര്‍ സൂപ്രണ്ട് പി.കെ.ജയേഷ് കുമാര്‍, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.