മംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരനിൽ നിന്ന് 41.78 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി
മഞ്ചേശ്വരം: ബസ് യാത്രക്കാരനിൽ നിന്ന് 41.78 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക ഹോന്നവറിലെ പ്രകാശ് വിനായക് ഷെട്ട് (45) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മഞ്ചേശ്വരം ചെക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എം യൂനസിന്റെ നേതൃത്വത്തിൽ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് മംഗ്ളൂറിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്ന് പണം പിടികൂടിയത്.
ദേഹത്ത് കെട്ടിവെച്ച നിലയിലും കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ് പണം കണ്ടെത്തിയതെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി ഇയാളിൽ നിന്ന് ലഭിച്ചില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുത്ത തുകയും പ്രകാശ് വിനായക് ഷെട്ടിയെയും മഞ്ചേശ്വരം പൊലീസിന് കൈമാറി.
എക്സൈസ് ഉദ്യോഗസ്ഥൻ വി വി പ്രസന്നകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജനാർധനൻ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജാസ്, മഞ്ജുനാഥൻ, അഖിലേഷ് എന്നിവരും കുഴൽപണ വേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.