മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടത് ആത്മഹത്യാശ്രമമെന്ന് സംശയം, രണ്ടുപേർക്കായി തെരച്ചിൽ
മലപ്പുറം: നിലമ്പൂർ അമരമ്പലത്ത് കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടത് ആത്മഹത്യാശ്രമമെന്ന് നിഗമനം. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേരെയാണ് കാണാതായത്. ഇവരിൽ മൂന്നുപേർ രക്ഷപ്പെട്ടിരുന്നു. കാണാതായ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറയുന്നു. ഇവരെ കാണാതായ സമയം പ്രദേശത്ത് വലിയ മഴയോ പുഴയിൽ വലിയരീതിയിൽ ഒഴുക്കോ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു. മാത്രമല്ല, അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഇത്രയും പുലർച്ചെ എത്തേണ്ടതില്ലെന്നാണ് ക്ഷേത്രഭാരവാഹികളും പറയുന്നത്. അതിനാൽ തന്നെ ആത്മഹത്യശ്രമം ആണെന്ന സംശയത്തിലാണ് പൊലീസും.
ഒഴുക്കിൽപ്പെട്ടവരിൽ ആദ്യം രണ്ട് കുട്ടികൾ രക്ഷപ്പെട്ടിരുന്നു. ഇവർ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്ത്രീയെ കണ്ടെത്തി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.