ശക്തമായ മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (5-7-2023) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.