ബിഗ് ടിക്കറ്റില്‍ 33 കോടിയുടെ സമ്മാനം പ്രവാസിക്ക്; ഇത്തവണ അവസാന സമ്മാനമൊഴികെ മറ്റെല്ലാം ഇന്ത്യക്കാര്‍ക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നത്തെ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന ഇന്ത്യക്കാരന് മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴാം തീയ്യതി ഓൺലൈനിലൂടെ എടുത്ത 061908 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി ഭാഗ്യം തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാന്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് സംഘാടകര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സംസാരം വ്യക്തമാവാത്തതിനാല്‍ അദ്ദേഹത്തോട് വിവരം പറയാനായില്ല.
രണ്ട് മുതല്‍ ഏഴ് വരെയുള്ള എല്ലാ സമ്മാനങ്ങളും ഇന്നത്തെ നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്. ഓണ്‍ലൈനായി എടുത്ത 177779 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം രണ്ടാം സമ്മാനത്തിന് അര്‍ഹനായത്. 70,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ഓണ്‍ലൈനിലൂടെ എടുത്ത 184913 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ പ്രജീഷ് പിലാക്കിലും 60,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ട് വാങ്ങിയ 046763 എന്ന നമ്പര്‍ ടിക്കറ്റിലൂടെ നീല്‍ പുരോഹിതും നേടി.
ഇന്ത്യക്കാരനായ ദിപെന്കുമാറാണ് 50,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം സ്വന്തമാക്കിയത്. 278850 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തെ അരലക്ഷം ദിര്‍ഹത്തിന് അവകാശിയാക്കിയത്. 30,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം അജിമോന് കൊച്ചുമോന് കൊച്ചുപറമ്പിലിനും (ടിക്കറ്റ് നമ്പര്‍ – 178015), 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനത്തിന് സുജിത് സുരേന്ദ്രനും (ടിക്കറ്റ് നമ്പര്‍ – 261922) അര്‍ഹരായി. 20,000 ദിര്‍ഹത്തിന്റെ തന്നെ എട്ടാം സമ്മാനം ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊഹ്യിദ്ദീന് ഇസ്ഹാഖിനാണ് ലഭിച്ചത്. ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടെടുത്ത 0775588 എന്ന നമ്പര്‍ ടിക്കറ്റാണ് അദ്ദേഹത്തെ അവസാന സമ്മാനത്തിന് അര്‍ഹനാക്കിയത്.
ആദ്യം നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലും ഇന്ത്യക്കാരന് തന്നെയായിരുന്നു സമ്മാനം. 004796 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ദെനേഷ് കുമാര്‍ എന്നയാളിനാണ് ബിഎംഡബ്ല്യൂ കാര്‍ ലഭിച്ചത്. ഓഗസ്റ്റ് മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം തന്നെയാണ്. ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്.