കഞ്ചാവ് കടത്ത് കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും
തൃശ്ശൂര്‍: കാറില്‍ 85 കിലോയോളം കഞ്ചാവ് കടത്തിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം കരിപ്പ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹാരിസ് (25), ആഷിക് ഭവനില്‍ ആഷിക് (23), പാട്ടത്തില്‍ വീട്ടില്‍ രാഹുല്‍ (27) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. തൃശൂര്‍ റൂറല്‍ കൊടകര പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊള്ളത്തൂര്‍ നാഷണല്‍ ഹൈവേയിലൂടെ കഞ്ചാവ് കടത്തിയ കേസിലാണ് ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി, തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡജ് കെ. വി രജനീഷ് ശിക്ഷിച്ചത്. 2021 ജൂണ്‍ 28നായിരുന്നു സംഭവം. ഇന്നോവ കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന ഇവരെ കൊടകര പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജയ്സണ്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊള്ളത്തൂരില് വച്ച് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ പിന്‍സീറ്റില്‍ രണ്ട് ട്രോളി ബാഗുകളിലായും ഡിക്കിയില്‍ രണ്ട് ചാക്ക് കെട്ടുകളായും സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് അന്വേഷണം നടത്തുകയും ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് ഭാഗത്തു നിന്നും വിസ്തരിച്ച 21 സാക്ഷികളുടെയും പരിശോധനയ്ക്ക് സാക്ഷ്യം വഹിച്ച ചാലക്കുടി തഹസില്‍ദാറായ ശാന്തകുമാരിയുടേയും മൊഴികള്‍ കേസില്‍ നിര്‍ണയകമായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഡിനി ലക്ഷ്മണന്, അഭിഭാഷകരായ കെ.എസ് ധീരജ്, എം.ആര് ശ്രീലക്ഷ്മി, ഇ.ബി ആര്‍ഷ എന്നിവര്‍ ഹാജരായി.