രാജ്യത്തിന്റെ വീണ്ടെടുപ്പിന് വിദ്യാര്‍ത്ഥികള്‍ സജീവമാകണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഭരണകൂട ഭീകരത രാജ്യത്തെ അസ്വസ്ഥമാക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളും പൊതുസമൂഹവും രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എഡിഷന് എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ആശയങ്ങളെല്ലാം ഭീഷണികള്‍ നേരിടുകയാണ്. അവയെ സംരക്ഷിക്കാനും നിലനിര്‍ത്താനും പുതിയ പോരാട്ടങ്ങളുണ്ടാകണം. വിദ്യാര്‍ഥികള്‍ അതിന്റെ മുന്നിരയിലുണ്ടാകകണമെന്നും എസ് എസ് എഫിന്റെ സാഹിത്യോത്സവ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 4 മുതല്‍ 13വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് എ സൈഫുദ്ദീന് ഹാജിയുടെ അധ്യക്ഷതയില്‍ കണ്‍വീനര്‍ സിദ്ദീഖ് സഖാഫി നേമം സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുല്‍ റഹ്മാന് സഖാഫി, എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി കാസറഗോഡ്, സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് കോഴിക്കോട്, ത്വാഹ മഹ്ളരി തിരുവനന്തപുരം, സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി, റാഫി നെടുമങ്ങാട്, സനൂജ് വഴിമുക്ക്, എച്ച് എഫ് ശമീര്‍ അസ്ഹരി കൊല്ലം, ശറഫുദ്ദീന്‍ പോത്തന്‍കോട്, സിദ്ദീഖ് ജൗഹരി, നൗഫല്‍ സിആര്‍പിഎഫ് തുടങ്ങിയവര്‍ സംസാരിച്ചു.