കളിയാക്കിയത് ചോദ്യം ചെയ്തു, നെടുമങ്ങാട് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. നെടുമങ്ങാട് പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടില്‍ ശോഭ കുമാര്‍ മകന് ദീജു (24), വെള്ളനാട് കൂവക്കുടി നിധിന് ഭവനില്‍ ഉണ്ണികൃഷ്ണന് മകന് ജിതിന് കൃഷ്ണ (26) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 30 -ന് വെളുപ്പിന് 12.15 -നാണ് സംഭവം. കച്ചേരി ജങ്ഷനിലെ പൂക്കടയ്ക്ക് മുന്നിലൂടെ ബൈക്കില്‍ പോയ നെടുമങ്ങാട് അയണിമൂട് അഭിന മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീജിത്ത് (29)നു നേരെയാണ് സംഘം അക്രമം നടത്തിയത്. പൂക്കടയ്ക്ക് മുന്നില്‍ നിന്ന ശ്രീജിത്തിനെ പിടിയിലായ ഇരുവരും കളിയാക്കി എന്നും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ പൂക്കടയിലെ ജീവനക്കാരനായ ജിതിന് കൃഷ്ണ പൂക്കടയില്‍ നിന്നും കത്രിക എടുത്ത് ശ്രീജിത്തിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുക ആയിരുന്നു എന്നും പൊലീസ് പറഞ്ഞു. ദീജുവിന്റെ പേരില്‍ വേറെ നാലോളം കേസുകളും, ജിതിന് കൃഷ്ണയുടെ പേരില്‍ വേറെ മൂന്നോളം കേസുകളും ഉണ്ട്. നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍, എസ്ഐമാരായ ശ്രീലാല്‍ ചന്ദ്രശേഖരന്, മനോജ്, എസ് സിപിഒ ആര് ബിജു, സി പി ഒ-മാരായ ശ്രീനാഥ്, വൈശാഖ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ ആയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.