ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭാഷാന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എ.കെ.എം.അഷറഫ് എം.എല്‍.എ, എന്‍.എനെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ ഭാഷാന്യൂന പക്ഷ സമിതി യോഗത്തില്‍ പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭയിലും ഈ വിഷയം ഉന്നയിക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഭാഷാന്യൂനപക്ഷ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജനപ്രതിനിധികള്‍. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരില്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ഗവണ്മെന്റ് പ്രസ് കാസര്‍കോട് സ്ഥാപിക്കണമെന്നും കളക്ടറേറ്റില്‍ കന്നഡ വിവര്‍ത്തന വിഭാഗം ആരംഭിക്കണമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കന്നഡ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കണമെന്ന സമിതിയുടെ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ ഭാഷാന്യൂനപക്ഷ മേഖലയിലെ സര്‍ക്കാര്‍ ഓഫീസ് ബോര്‍ഡുകള്‍ കന്നഡയില്‍ കൂടി എഴുതുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കന്നഡ അറിയുന്ന എല്‍.ഡി ക്ലര്‍ക്കുമാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും കന്നഡയില്‍ കൂടി തയ്യാറാക്കി നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭാഷാ ന്യൂനപക്ഷ മേഖലയില്‍ കന്നഡ തുളുഭാഷകളില് പ്രാവീണ്യം നേടിയിട്ടുള്ള ജീവനക്കാരെ നിയമിക്കണമെന്ന് യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരള സ്കൂള്‍ കലോത്സവത്തില്‍ കന്നഡ കലോത്സവം ഉള്‍പ്പെടുത്തണം. കന്നഡ മീഡിയം പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗഡിനാട് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കന്നഡ മീഡിയത്തില്‍ പഠിച്ച അധ്യാപകരെ മാത്രം പി.എസ്.സി വഴി കന്നഡ അധ്യാപകരായി നിയമിക്കണം. വിവിധ അപേക്ഷ ഫോറങ്ങളും, വില്ലേജുകളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന റസിപ്റ്റുകളും കന്നഡയില്‍ നല്‍കണം. ബദിയടുക്കയില്‍ സബ്ട്രഷറി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഭാഷാന്യൂനപക്ഷ സമിതി അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് എം.സാലിയന്‍, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.സുരേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ്, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ വി.എസ്.ഷിംന, റവന്യൂ സീനിയര്‍ ക്ലര്‍ക്ക് അനൂപ്, ഭാഷാ ന്യൂനപക്ഷ സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.വി.ഭട്ട്, അഡ്വ.കെ.എം.ബള്ളുക്കറായ്, ശ്രീനിവാസ് റാവു, സ്റ്റീഫന്‍ ക്രസ്റ്റ, ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.