ഷാജൻ സ്കറിയയെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം പരിശോധന; മറുനാടൻ ജീവനക്കാരുടെ വീടുകളിലും ഓഫീസിലും അരിച്ചു പെറുക്കി റെയ്ഡ്
തിരുവനന്തപുരം: മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ പൊലീസ് റെയ്ഡ്. കേരളത്തിലുടനീളമുള്ള ജീവനക്കാരുടെ വീട്ടിൽ എല്ലാം പൊലീസ് എത്തി. ജീവനക്കാരുടെ ബന്ധു വീട്ടുകളിലും പരിശോധന നടത്തി. മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്കുകളും മറ്റും പിടിച്ചെടുത്തു. മൊഴിയെടുത്ത ജീവനക്കാരുടെ വീട്ടിലാണ് അർദ്ധ രാത്രിയും പുലർച്ചെയുമായി റെയ്ഡ് നടന്നത്.
സുപ്രീംകോടതിയിൽ ഷാജൻ സ്കറിയ മുൻ കൂർ ജാമ്യത്തിനായുള്ള പ്രത്യേക അനുമതി ഹർജി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ജീവനക്കാരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തുന്നത്. ജീവനക്കാരുടെ കുടുംബങ്ങളെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുക എന്ന ലക്ഷ്യമാണ് റെയ്ഡുകൾക്ക് പിന്നിലുള്ളത്.
നിയമ പോരാട്ടത്തിന് ഇറങ്ങിയ ഷാജൻ സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. ഞായറാഴ്ചയായിട്ടും പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഷാജൻ സ്കറിയയുടെ എരുമേലിയിലെ വീട്ടിൽ അടക്കം പുലർച്ചെ റെയ്ഡ് നടന്നു. സുഹൃത്തുക്കളുടേയും വീടുകളിലും പൊലീസ് പരിശോധന നടത്തി.
പ്രത്യേക സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിപുലമായ രീതിയിലാണ് പരിശോധനകൾ. മറുനാടൻ മലയാളിയിലെ ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ജോലി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യം ചില കേന്ദ്രങ്ങൾക്കുണ്ടെന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകൾ. തിരുവനന്തപുരത്തും കൊല്ലത്തും വയനാടും കണ്ണൂരിലും കോഴിക്കോടുമെല്ലാം പൊലീസ് വ്യാപക റെയ്ഡുകൾ നടത്തി. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകൾ തുടരും.
മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും.