അവധി ദിവസം അമ്മ വീട്ടിൽ വിരുന്നെത്തി, തോട്ടിലെ കുഴിയില്‍ വിദ്യാർഥിനി മുങ്ങിമരിച്ചു
മലപ്പുറം: തിരൂരങ്ങാടിയിൽ മാതാവിന്റെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥിനി തോട്ടിലെ കുഴിയിൽ മുങ്ങി മരിച്ചു. മൊറയൂർ എടപ്പറമ്പ് സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ പുന്തല പീടികക്കണ്ടി വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. ഒഴുകൂർ ജിഎംയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
എആർ നഗർ വികെ പടിയിലെ പട്ടശ്ശേരി പുഞ്ചപ്പാടത്തെ തോട്ടിലെ കുഴിയിലാണ് അപകടം നടന്നത്. ആഫിയയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ ബന്ധുക്കളെത്തിയാണ് കുഴിയിൽ താഴ്ന്നുകിടന്ന കുട്ടിയെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് മാതാവ് നുസ്രത്തിന്റെ വികെ പടിയിലെ വീട്ടിലേക്ക് ആഫിയ വിരുന്നു വന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആഫിയയുടെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ ഗൃഹപ്രവേശനം. ഈ സന്തോഷത്തിൽ നിക്കുമ്പോഴാണ് കുടുംബത്തെയാകെ വേദനയിലാഴ്ത്ത് ആഫിയയുടെ മരണം സംഭവിക്കുന്നത്. മാതാവ്: നുസ്രത്ത്, സഹോദരങ്ങൾ: ആദിൽ, അദ്നാൻ, ആരിഫ്.