കൈതോലപ്പായയിൽ പണം കടത്ത്; ബെന്നി ബഹനാന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിൽ തിരുവനന്തപുരം കന്റോൺനെന്റ് എസിപി അന്വേഷണം നടത്തും. ബെന്നി ബെഹനാൻ എംപിയുടെ പരാതിയിലാണ് നീക്കം. എംപിയുടെ പരാതി മുൻ ഡിജിപി അനിൽ കാന്ത്, എഡിജിപി എം ആർ അജിത്കുമാറിന് കൈമാറിയിരുന്നു.
ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ഉന്നയിച്ച ആരോപണമാണ് പരാതിക്ക് കാരണമായത്. കൈതോലപ്പായയിൽ പണം കടത്തിയതിന് താൻ സാക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസിൽ രണ്ടുദിവസം ചെലവിട്ട് സമ്പന്നരിൽ നിന്നും പണം കൈപ്പറ്റിയെന്നും അതിൽ രണ്ടുകോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.