കാസർകോട്: മൂന്നാം ക്ലാസിലെ ആറു വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഹൈസ്കൂള്‍ അധ്യാപകനായി ബാലമുരളിയെ കോടതി ശിക്ഷിച്ചത് . ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാരണ് 15 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധികം തടവ് അനുഭവിക്കണം.
376 (രണ്ട് എസ്) വകുപ്പ് പ്രകാരം 10 വര്‍ഷം തടവും, 25,000 രൂപ പിഴയും, പോക്സോ ആക്ടിലെ 10, 9 വകുപ്പുകളിലായി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി സര്‍ക്കാര്‍ സഹായം നല്‍കാനും കോടതി ഉത്തരവിട്ടു.
2012 മുതല്‍ 14 വരെയുള്ള കാലയളവിലാണ് അധ്യാപകന് ആറ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരനോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്നു രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും കാസര്‍കോട് പൊലീസ് അധ്യാപകനെതിരെ കേസെടുക്കുകയുമായിരുന്നു. സി ഐമാരായ ടി പി ശുഭ, ടി പി ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂട്ടര്‍മാരായ സുധീര്‍ മേലത്ത്, സി രാഘവന്, പ്രകാശ് അമ്മണ്ണായ എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. 26 സാക്ഷികളെ കോടതി വിസ്തരിച്ചു. 32 രേഖകള്‍ തെളിവുകളായി പ്രോസിക്യൂഷന് ഹാജരാക്കി.