നിയന്ത്രണം വിട്ട ആംബുലൻസ് പാറക്കെട്ടിൽ കുടുങ്ങിക്കിടന്നത് മണിക്കൂറുകളോളം
ജയ്പൂർ: ഡ്രൈവറുടെ നിയന്ത്രണം വിട്ട് ആംബുലൻസ് പാറക്കെട്ടിൽ കുടുങ്ങി. രാജസ്ഥാനിലെ കരൺപുര താഴ്വരയിൽ ഇന്നലെയാണ് സംഭവമുണ്ടായത്.
താഴ്വരയിലൂടെ ഓടിക്കൊണ്ടിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തിതകർത്തു. ശേഷം ഉയരമുള്ള പാറക്കെട്ടിൽ ഇടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേർന്നാണ് ആംബുലൻസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ജീവനക്കാരനെയും പുറത്തെടുത്തത്. വഴിയാത്രക്കാർ ആംബുലൻസ് കാണുന്നത് വരെ ഇരുവരും മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.