ഗ്രാമീണ ജല സുരക്ഷയും കാലാവസ്ഥാ വ്യതിയാന പ്രതിരോധവും പദ്ധതി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു
കാസര്‍കോട്: ഗ്രാമീണ ഇന്ത്യയിലെ ജല സുരക്ഷയും കാലാവസ്ഥാ വ്യതിയാന പ്രതിരോധവും (ഡബ്ല്യു.എ.എസ്.സി.എ-ll, വാട്ടര്‍ സെക്യൂരിറ്റി ആന്റ് ക്ലൈമറ്റ് അഡാപ്റ്റേഷന് ഇന്‍ റൂറല്‍ ഇന്ത്യ) വിഷയത്തില്‍ ദേശീയ ഗ്രാമീണ വികസന മന്ത്രാലയത്തിന്റെയും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പദ്ധതി ജില്ലയില്‍ ആരംഭിച്ചു. ജലസംരക്ഷണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. വളരെയേറെ ജലക്ഷാമം നേരിടുന്ന കാസര്‍കോട് ജില്ലയില്‍ കുളങ്ങളും പള്ളങ്ങളുമെല്ലാം നവീകരിച്ച് സംരക്ഷിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു. പ്രൊജക്ടിന്റെ പ്രവര്‍ത്തന പുരോഗതി അറിയുന്നതിന് എല്ലാ മാസവും റിവ്യു മീറ്റിങുകള്‍ വിളിക്കും. ജില്ലയുടെ ജലസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റ്് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജി.ഐ.സെഡ് ടെക്നിക്കല്‍ അഡൈ്വസര്‍ ഡോ.പി.രാധാപ്രിയ, എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് സ്റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ.രമ്യ, എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ജില്ലാ കോഓഡിനേറ്റര്‍ അജയദാസ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ജില്ലാ പ്രോഗ്രാം കോഓഡിനേറ്റര്‍ ഡി.വി.അബ്ദുല്‍ ജലീല്‍, എം.എസ് സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് ഇക്കോടെക്നോളജി ഡയറക്ടര്‍ ഡോ.ആര്.രംഗലക്ഷ്മി, ജി.ഐ.എസ് ഹെഡ് ഡോ.നാഗരാജ് തുടങ്ങിവര്‍ സംസാരിച്ചു.
ആദ്യ ഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. കാറഡുക്ക ബ്ലോക്കിലെ ബേഡഡുക്ക, മുളിയാര്‍, കാസര്‍കോട് ബ്ലോക്കിലെ മൊഗ്രാല്‍ പുത്തൂര്‍, നീലേശ്വരം ബ്ലോക്കിലെ കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിക്കും. സംസ്ഥാനത്ത് വരള്‍ച്ച നേരിടുന്ന പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് പദ്ധതി നടത്തുന്നത്. ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും ശാസ്ത്രീയമായി ജലവിഭവം ഉപയോഗിക്കുന്നതിനും രണ്ട് വര്‍ഷം പദ്ധതി നടപ്പിലാക്കും. കാലാവസ്ഥാ പ്രതിരോധ നടപടികള്‍, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.