ഹൃദയം തൊട്ട് പട്ടയമേള… 1619 പട്ടയങ്ങള്‍ വിതരണം ചെയ്തു
കാസര്‍കോട് : ഇനി സുഖായി ഉറങ്ങാലോ.. എത്ര കാലായി സ്വന്തായി ഭൂമി എന്ന സ്വപ്നവുമായി നടക്കുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. മുട്ടത്തോടി പാറക്കാട്ടെ കെ.എം.അബ്ദുള്ള പറഞ്ഞു. നാലര സെന്റ് ഭൂമിയാണ് ജില്ലാതല പട്ടയമേളയിലൂടെ അബ്ദുള്ളയ്ക്ക് ലഭിച്ചത്. 57 വര്‍ഷമായി പട്ടയം ലഭിക്കാത്ത പി.വി.കുഞ്ഞാതയ്ക്കും ഇന്ന് സന്തോഷദിനമാണ്. പിലിക്കോട് കരക്കേരുവിലെ കുഞ്ഞാത പ്രായാധിക്യരോഗങ്ങള്‍ കാരണം ആശുപത്രിയിലായതിനാല്‍ മകള്‍ ശാരദയാണ് പട്ടയം കൈപറ്റിയത്. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ 1619 പേര് ഭൂമിയുടെ ഉടമകളായി. എല്‍.റ്റി ഇനത്തില്‍ 1219 പേര്‍ക്കും എല്‍.റ്റി ദേവസ്വം ഇനത്തില്‍ 165 പേര്‍ക്കും പട്ടയം നല്കി. 1964 റൂള്‍സ് പ്രകാരം എല്‍.എ ഇനത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ 84 പേര്‍ക്കും, കാസര്‍കോട് 22, ഹൊസ്ദുര്‍ഗ് 49, വെള്ളരിക്കുണ്ട് 29 പേര്‍ക്കും പട്ടയം ലഭിച്ചു. 1995 മുന്‍സിപ്പല്‍ റൂള്‍സ് എല്‍.എ പ്രകാരം കാസര്‍കോട് 2 പട്ടയങ്ങള്‍ നല്കി. മിച്ചഭൂമി 3 പട്ടയങ്ങള്‍ വിതരണം ചെയ്തു. ടി.ആര്.ഡി.എം പ്രകാരം കാസര്‍കോട് 2, വെള്ളരിക്കുണ്ട് 30, നിക്ഷിപ്ത വനഭൂമി വെള്ളരിക്കുണ്ട് 13 പട്ടയങ്ങള്‍ എന്നിവയും വിതരണം ചെയ്തു. ഇന്‍ഡസ്ട്രിയല്‍ പട്ടയം ഇനത്തില്‍ കാസര്‍കോട് ഒരു പട്ടയവും നല്കി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് പലര്‍ക്കും ഇതോടെ വിരാമമായത്. 17 വര്‍ഷമായി സ്വന്തമായി ഭൂമിയെന്ന ലക്ഷ്യത്തിനായുള്ള പോരാട്ടത്തിലായിരുന്നു പെരിയ വടക്കേക്കരയിലെ ടി.ബാലനും ഭാര്യ എം.ശാന്തയും. മന്ത്രി കെ. രാജനില്‍ നിന്നും 15 സെന്റ് ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങുമ്പോള്‍ ഇരു കണ്ണുകളും സന്തോഷ കണ്ണീരണിഞ്ഞു.