കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പേരിൽ ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; വൻ റാക്കറ്റെന്ന് സൂചന, നോട്ടമിടുന്നത് ഇവരെ
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ കീഴിലുള്ള പ്രവർത്തനരഹിതമായ ഏഴ് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പേരിൽ ഒന്നരക്കോടിയുടെ വായ്പാതട്ടിപ്പ് നടന്നതായി കണ്ടെത്തൽ. കൊച്ചി നഗരസഭയുടെ കീഴിലുള്ള പ്രവർത്തനരഹിതമായ അയൽക്കൂട്ടങ്ങളുടെ പേരിലാണ് ലക്ഷങ്ങളുടെ ലിങ്കേജ് വായ്പാതട്ടിപ്പ് നടന്നിരിക്കുന്നത്.
കൗൺസിലർമാരുടെയും എ.ഡി.എസിന്റെയും സി.ഡി.എസ് ഉദ്യോഗസ്ഥരുടെയും മെമ്പർ സെക്രട്ടറിയുടെയും ശുപാർശക്കത്ത് ലഭിച്ചശേഷമാണ് ബാങ്കുകൾ അയൽക്കൂട്ടങ്ങൾക്ക് വായ്പനൽകുന്നത്. എന്നാൽ പല ഡിവിഷനുകളിലും കൗൺസിലർമാരോ എ.ഡി.എസോ അറിയാതെ പ്രവർത്തനരഹിതമായ അയൽക്കൂട്ടം യൂണിറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.
20 ലക്ഷം രൂപവരെയാണ് ബാങ്കുകൾ ലിങ്കേജ് വായ്പ നൽകുന്നത്. ഒരു ഡിവിഷനിൽമാത്രം നൂറോളം അയൽക്കൂട്ട ഗ്രൂപ്പുകളുണ്ട്. പള്ളുരുത്തി മേഖലയിലെ ചില ഡിവിഷനിലെ നിർജീവമായ അയൽക്കൂട്ടങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അയൽക്കൂട്ടങ്ങൾക്ക് സി.ഡി.എസ് പ്രസിഡന്റിന്റെ മാത്രം ശുപാർശക്കത്തോടുകൂടിയും ബാങ്കുകൾ ലിങ്കേജ് വായ്പകൾ നല്കുന്നുണ്ട്.
തട്ടിപ്പിനെതിരെ വിജിലൻസിനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം സി.ഡി.എസ് പ്രസിഡന്റിന്റെയും മെമ്പർ സെക്രട്ടറിയുടെയും ഡിവിഷൻ കൗൺസിലറുടെയും വ്യാജ ഒപ്പും സീലും നിർമ്മിച്ചാണ് ലോൺ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സി.ഡി.എസ് പ്രസിഡന്റ് നബീസ ലത്തീഫ് പറഞ്ഞു. സംഭവത്തിൽ വൻറാക്കറ്റുകളുടെ ഇടപെടലുണ്ടെന്നാണ് സൂചന. കൗൺസിലർമാരായ വി.എ. ശ്രീജിത്ത്, പി.എസ്. വിജു എന്നിവർ കമ്മീഷണർക്ക് പരാതി നൽകി. അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും സീലും ഒപ്പും തട്ടിപ്പിന് വ്യാജമായി തയ്യാറാക്കിയെന്നാണ് പരാതി