ആരാധകന്റെ അസ്വാഭാവികമരണം: അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻ.ടി.ആർ
ഹൈദരാബാദ്: 20-കാരനായ യുവാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന്ധ്രയിൽ പ്രതിഷേധം കനക്കുന്നു. തെലുങ്ക് യുവസൂപ്പർതാരം ജൂനിയർ എൻ.ടി.ആറിന്റെ കടുത്ത ആരാധകനായ ശ്യാമിന്റെ മരണത്തിലാണ് സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമായത്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. നീതിയുക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജൂനിയർ എൻ.ടിആർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഈ മാസം 25-ന് രാവിലെയാണ് കോമസീമയിലെ സ്വവസതിയിൽ ശ്യാമിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളും ഈ വാദം തള്ളിക്കളയുകയാണ്. ശ്യാമിന്റെ മരണം തന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തുന്നുവെന്ന് ജൂനിയർ എൻ.ടി.ആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്യാമിന്റെ മരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യം ഉടൻ അന്വേഷിക്കണമെന്ന് സർക്കാർ അധികൃതരോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം എഴുതി.
ജൂനിയർ എൻ.ടി.ആർ പങ്കെടുക്കുന്ന ഒട്ടുമിക്ക പൊതുചടങ്ങുകളിലേയും സാന്നിധ്യമായിരുന്നു ശ്യാം. ഈയിടെ ദാസ് കാ ധാംകി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിന് അതിഥിയായെത്തിയ എൻ.ടി.ആറിനടുത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് എത്തുന്ന തന്റെ വീഡിയോ ശ്യാം ട്വീറ്റ് ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ അനുനയിപ്പിച്ച് ശ്യാമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സൂപ്പർതാരത്തേയും ഈ വീഡിയോയിൽ കാണാം.
ജൂനിയർ എൻ.ടി.ആറിനുപുറമേ നടന്മാരായ പവൻ കല്യാൺ, നിഖിൽ സിദ്ധാർത്ഥ, സംവിധായകൻ മാരുതി തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ശ്യാമിന്റെ മരണത്തിനുപിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. വി വാണ്ട് ജസ്റ്റിസ് ഫോർ ശ്യാം എൻ.ടി.ആർ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്നും ട്വിറ്റർ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.