ചെന്നൈ: മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം ലഭിച്ച കൊറിയന്‍ ചിത്രം ‘പാരാസൈറ്റ്’ നടന് വിജയ നായകനായ ഒരു തമിഴ് ചിത്രത്തിന്റെ അനുകരണമാണെന്ന ആരോപണവുമായി നിര്‍മാതാവ്. വിജയ്, രംഭ, എന്നിവര്‍ നായികാ നായകന്മാരായി 1998ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കണ്ണാ’ എന്ന ചിത്രത്തിന്റെ കഥാപരിസരമാണ് ‘പാരാസൈറ്റി’ന്റേതുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ പി.എല്‍. തേനപ്പന്‍ ആരോപിക്കുന്നത്. അതിനാല്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ‘പാരസൈറ്റി’ന്റെ നിര്‍മാതാക്കള്‍ക്കെതിരെ താന്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെയാണ് താന്‍ കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നത് എന്നും തേനപ്പന്‍ പറഞ്ഞു. നമ്മുടെ ചില സിനിമകള്‍ വിദേശ സിനിമകളില്‍ നിന്നും പ്രചോദനം നേടിയതാണ് എന്ന് പറയുമ്ബോള്‍ അവര്‍ നമ്മുക്കെതിരെ കേസ് നല്‍കുകയാണ് ചെയ്യുക. അതുതന്നെയാണ് അവര്‍ക്കെതിരെയും നമ്മള് ചെയ്യേണ്ടത്. തന്റെ സിനിമയുടെ പ്രമേയമാണ് അവര്‍ കട്ടെടുത്തത്. തേനപ്പന്‍ പറയുന്നു.
‘പാരസൈറ്റ്’ വിജയ് ചിത്രത്തിന്റെ പകര്‍പ്പാണെന്ന കാര്യം ആദ്യം കണ്ടെത്തുന്നത് ഓണ്‍ലൈനിലെ സിനിമാ പ്രേമികളാണ്. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും തമാശകളും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം അത്ര തമാശയായി കാണാന്‍ തേനപ്പന്‍ തയാറാകാത്തത് കൊണ്ടാണ് അദ്ദേഹം കേസ് നല്കാന് തീരുമാനിച്ചത്. തേനപ്പന്‍ പിന്തുണ നല്‍കികൊണ്ട് ചിത്രത്തിന്റെ സംവിധായകനായ കെ.എസ്. രവികുമാറും അദ്ദേഹത്തോടൊപ്പമുണ്ട്.
‘ഇളയദളപതി’ വിജയ്, രംഭ, മോണിക്ക കാസ്റ്റെലിനോ, ഖുശ്ബു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ‘മിന്‍സാര കണ്ണാ’ സമ്ബന്നയായ നായികയുടെ വീട്ടിലേയ്ക്ക് നായകന്റെ കുടുംബം അപ്പാടെ ജോലിക്കാരായി എത്തുന്നതിന്റെ കഥയാണ് ഹാസ്യത്തില്‍ ചാലിച്ച് പറഞ്ഞത്. സമാനമായ രീതിയില്‍, ഒരു ദരിദ്ര കുടുംബം, സമ്ബന്ന കുടുംബത്തില്‍ കയറിപ്പറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയമാക്കുന്നത്.