തമിഴ്നാട്ടിൽ കറുപ്പിന് വിലക്ക്; ഗവർണറുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ
തമിഴ് നാട്ടിൽ ഗവർണറുടെ പരിപാടിയിൽ കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ ഇറക്കി പെരിയാർ സർവകലാശാല. സേലം പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടി എന്ന് സർവകലാശാല അധികൃതർ വിശദീകരണം നൽകിയിരുന്നു.
ഗവർണർ ആർ എൻ രവി പങ്കെടുക്കേണ്ട ബിരുദ ദാന ചടങ്ങ് നാളെയാണ് നടക്കുന്നത്. കറുപ്പിനൊപ്പം തന്നെ ഫോണ്‍ പാടില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ എന്നാൽ സേലം പൊലീസ് സംഭവം നിഷേധിച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളം പോലെതന്നെ തമിഴ്നാട്ടിലും ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ സ്ഥിരമാണ്.സെന്തിൽ ബാലാജിയുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും ഒടുവിൽ നടന്ന തർക്കം.ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു.
വകുപ്പില്ലാ മന്ത്രിയായി തുടരാനായിരുന്നു നീക്കം. ഈ തീരുമാനത്തെ ഗവർണർ എതിർത്തിരുന്നു. എന്നാൽ ഗവർണറുടെ നിലപാടിനെ തള്ളി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.നേരത്തേ കേരളത്തിലും കറുപ്പ് വസ്ത്രം വിവാദമായിരുന്നു.