ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഒക്ടോബർ അഞ്ച് വ്യാഴാഴ്ചയാണ് ഉദ്ഘാടന മത്സരം. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിനു നടക്കും. ഓസ്ട്രേലിയക്കെതിരെ ചെന്നൈ എം ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം. പാകിസ്താനെതിരായ നിർണായക മത്സരം ഒക്ടോബർ 15ന് അഹ്മദാബാദിലാണ്. മുംബൈയിലും കൊൽക്കത്തയിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 15, 16 തീയതികളിലാവും സെമിഫൈനലുകൾ. അഹ്മദാബാദിൽ നവംബർ 19ന് ഫൈനൽ മത്സരം നടക്കും.
ഹൈദരാബാദ്, ധരംശാല, ഡൽഹി, ലക്നൗ, പൂനെ, ബെംഗളൂരു, എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ. തിരുവനന്തപുരത്ത് മത്സരങ്ങളില്ല. നേരത്തെ പുറത്തുവന്ന ചില റിപ്പോർട്ടുകളിൽ തിരുവനന്തപുരത്ത് ചില മത്സരങ്ങൾ നടത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.