ലഹരിക്കെതിരായ പ്രവര്‍ത്തനം തുടര്‍ പ്രക്രിയയാവണം : എം.രാജഗോപാലന്‍ എം.എല്‍.എ
കാസര്‍കോട്: ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണങ്ങളും ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ലെന്നും തുടര്പ്രക്രിയയാവണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടത്തിയ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞുവെന്നും ലഹരിമാഫിയയെ പ്രതിരോധിക്കാന്‍ തരത്തിലുള്ള ഇടപെടലുകള്‍ എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ വി.വി.ശ്രീജ, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന് നായര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ദിലീപ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലഹരിയുടെ കാണാ കാഴ്ചകള്‍ എന്ന വിഷയത്തില്‍ ഡോ ജി.സുകേഷ് ബോധവത്ക്കരണ ക്ലാസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് എ.ടി.മനോജ് സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.