‘ഭരണം മാറുമെന്ന് പൊലീസ് ഓർക്കണം’ എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങു വെച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്
മലപ്പുറം: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷം കൈവിലങ്ങ് വെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. ഭരണം മാറുമെന്ന് പൊലീസ് ഓർക്കണമെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. രാജഭക്തി കാണിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്. ഭരണം കയ്യിൽ ഉണ്ടെന്ന് കരുതി എന്തും ചെയ്യരുത്. പോലീസിന്റേത് ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമര രംഗത്തുള്ള എം എസ് എഫ് പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയെ കരിങ്കൊടി കാണിക്കാന്‍ തീരുമാനിച്ചിരുന്നു. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി ഇന്നലെ മന്ത്രിയെത്തുന്നതിന്റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്,മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.
ഇതിനു പിന്നാലെ സ്റ്റേഷനിലെത്തിച്ച ശേഷം ഇവരെ കൈവിലങ്ങ് വെച്ചാണ് വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടു പോയത്. ഇവര്‍ക്കു പുറമേ മന്ത്രിയെ കരിങ്കൊടി കാണിച്ച നാല് എം എസ് എഫ് പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു പേരേയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. തട്ടിപ്പ് നടത്തിയ എസ് എഫ് നേതാക്കള്‍ക്കില്ലാത്ത വിലങ്ങ് പ്ലസ് ടു സീറ്റ് വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാക്കളെ അണിയിച്ചതിന് മറുപടി പറയിക്കുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു.