കോയിപ്പാടി കടപ്പുറത്ത് 300 മീറ്റര്‍ നീളത്തില്‍ ജിയോബാഗ് സ്ഥാപിക്കും
കാസര്‍കോട് : കടലാക്രമണം രൂക്ഷമായ കോയിപ്പാടി കടപ്പുറത്ത് 300 മീറ്റര്‍ നീളത്തില്‍ ജിയോബാഗ് സംരക്ഷണം ഒരുക്കും. കോയിപ്പാടി, പെര്‍വാര്‍ഡ് കടപ്പുറങ്ങളില്‍ 2.7 കിലോമീറ്റര്‍ നീളത്തില്‍ ടെട്രാപാഡ് ഉപയോഗിച്ചുള്ള സംരക്ഷണത്തിന് ലോക ബാങ്ക് ഫണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാങ്കി, കൊപ്പളം ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പറഞ്ഞു.
കേരള ആര്.ടി.സിയില്‍ മംഗലാപുരം വരെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം യാത്രാ ഇളവ് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ക്കും മോട്ടര്‍ വാഹന വകുപ്പ് കമ്മീഷണര്‍ക്കും പ്രത്യേം കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ എക്സറേ മെഷീന് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
കുടുംബശ്രീ ഉത്തര മേഖല പരിശീലന കേന്ദ്രത്തിന് ജില്ലയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മടിക്കൈ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കാനായി ഭൂമി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് പറഞ്ഞു. ബജറ്റില്‍ ഈ പദ്ധതിയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ച കാഞ്ഞങ്ങാട് ഗുരുവനം വഴി ബസ് റൂട്ട് അനുവദിക്കണമെന്നും വാഹനീയം അദാലത്തില്‍ ഗതാഗതമന്ത്രി ഉത്തരവ് നല്കിയ പടന്നക്കാട് നെഹ്റു കോളേജ് ബസ് സ്റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസ്സുകള്‍ നിര്‍ത്താത്തത് ഗൗരവമായി പരിഗണിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഈ വിഷയങ്ങള്‍ ആര്.ടി.എ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.
ചെര്‍ക്കള ബസ്സ് സ്റ്റാന്റില്‍ ബസ്സുകള്‍ കയറാത്തത് പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ പറഞ്ഞു.